Wednesday, July 20, 2011

പാവങ്ങളിലെ പ്രമേഹം തടയാന്‍ സര്‍ക്കാര്‍ പദ്ധതി

“പാവപ്പെട്ടവര്‍ക്കിടയിലെ പ്രമേഹം തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ 10 ജില്ലകളിലും പത്ത് ലക്ഷത്തിലേറെ ജനസംഖ്യയുള്ള 33 നഗരങ്ങളിലും പ്രത്യേക പദ്ധതി നടപ്പാക്കുന്നു” - പത്രവാര്‍ത്ത, മനോരമ 20.07.2011- പഞ്ചസാരയുടെ വില കൂട്ടുമെന്ന കാര്യം ഏതാണ്ടുറപ്പായി.

Monday, July 4, 2011

9 വര്‍ഷമായി വില കൂടാത്ത ഏക വസ്തു.


            കേരളത്തിലെ വൈദ്യുതി ബോര്‍ഡിനെപ്പറ്റിയും നമുക്ക് ലഭിക്കുന്ന വൈദ്യുതിയെപ്പറ്റിയും വൈദ്യുതി ബില്ലിനെപ്പറ്റിയും ഉപഭോക്താക്കളായ നമുക്ക് എല്ലാവര്‍ക്കും പരാതിയാണ് എപ്പോഴും. എപ്പോഴും കറണ്ട് പോകുന്നു,  കറന്റ് ചാര്‍ജ്ജ് കൂടുതലാണ്, ജീവനക്കാര്‍ അഴിമതിക്കാരാണ്.. തുടങ്ങിയ പരാതികളാണ് മിക്കവര്‍ക്കും. എനിക്കും തോന്നാറുണ്ട് ചിലപ്പോഴൊക്കെ.
             പക്ഷെ നമ്മള്‍ കരുതുന്നയത്ര കുഴപ്പക്കാരാണോ വൈദ്യുതി ബോര്‍ഡ്? ഒന്ന് നന്നായി ആലോചിച്ചപ്പോള്‍ അല്ലെന്നാണ് തോന്നുന്നത്.  കേരളത്തിലായാലും ഇന്ത്യയിലായാലും സാധനവിലകള്‍ വാണം പോലെ കുതിച്ച് കയറുന്ന അവസരമാണ് (പഴയ ഒരു യുറീക്കപ്പാട്ടിന്റെ ഓര്‍മ്മയ്ക്ക്. സാധനവിലകള്‍ വാണം പോലെ കേറിക്കേറി മേലോട്ട്, സാധാരണ ജന ജീവിതമാകെ താളം തെറ്റി താഴോട്ട്). 2002ല്‍ ഞാന്‍ ബൈക്ക് വാങ്ങിയ കാലത്ത് 100 രൂപയ്ക്ക് പെട്രോള്‍ അടിച്ചാല്‍ മൂന്ന് ലിറ്ററിന് മുകളില്‍ കിട്ടുമായിരുന്നു. അതായത് ലിറ്ററിന് 33 രൂപ ഇല്ലായിരുന്നു. ഇന്നത് ഇരട്ടിയിലധികമായിരിക്കുന്നു. സ്വര്‍ണവില മൂവായിരമോ നാലായിരമോ ആയിരുന്നത് പവന് പതിനാറായിരമായിരിക്കുന്നു. അരിയും പഞ്ചസാരയുമെല്ലാം പത്ത് വര്‍ഷത്തിനപ്പുറത്ത് നിന്ന് എത്ര വളര്‍ന്നിരിക്കുന്നു. എന്നാല്‍ വൈദ്യുതിചാര്‍ജ്ജ് 2002 ന് ശേഷം വര്‍ദ്ധിപ്പിച്ചിട്ടില്ല എന്നത് ഒരു അത്ഭുതം തന്നെയാണ്. ഇടയ്ക്ക് ഒന്ന്-രണ്ട് തവണ ഇന്ധന സര്‍ച്ചാര്‍ജ് എന്ന പേരില്‍ അന്‍പത് പൈസയോ മറ്റോ കുറച്ച് നാളത്തേക്ക് ഈടാക്കിയിരുന്നു. അതല്ലാതെ ഈ ഒന്‍പത് വര്‍ഷത്തിനിടയ്ക്ക് വൈദ്യുതി വില കൂട്ടിയിട്ടില്ല. അതും വൈദ്യുതി ഉത്പാദനത്തിനായി കേരളത്തില്‍ ഡീസല്‍ പ്ലാന്റ് വരെ ഉപയോഗിക്കുന്നുണ്ടെങ്കിലും.    
               അപ്പോള്‍ ആലോചിച്ച് നോക്കിയാല്‍ കേരളത്തില്‍ വൈദ്യുതി ചാര്‍ജ്ജ് അത്രയധികം അല്ല എന്ന് തന്നെയാണ് കരുതാവുന്നത്.  കേരളത്തില്‍ ടൂവീലര്‍ എങ്കിലും ഇല്ലാത്ത വീട് വളരെ കുറവാണിപ്പോള്‍.  പതിനഞ്ച് കിലോമീറ്റര്‍ ദൂരെ ജോലിക്ക് പോകുന്നയാള്‍ ആണെങ്കില്‍ ശരാശരി മുപ്പത് കിലോമീറ്റര്‍ ദിവസവും സഞ്ചരിക്കുന്നുവെന്ന് കരുതാനാവും. അറുപത് കിലോമീറ്റര്‍ മൈലേജ് കിട്ടുന്ന വാഹനമാണെങ്കില്‍ ഏകദേശം മുപ്പത് രൂപ ദിവസവും ഇന്ധനച്ചെലവ് വരുന്നതായി കണക്കാക്കാവുന്നതാണ്. നമ്മുടെ വീട്ടിലെ വിളക്കുകള്‍ കത്തിക്കുന്ന, വെള്ളം കോരിത്തരുന്ന, ഇസ്തിരിയിട്ട് തരുന്ന, അരയ്ക്കുകയും പൊടിയ്ക്കുകയും ചെയ്ത് തരുന്ന, ടെലിവിഷന്‍ കാട്ടിത്തരുന്ന, പാട്ട് കേള്‍പ്പിച്ച് തരുന്ന വൈദ്യുതിക്ക് വേണ്ടി ഓരോ ദിവസവും പെട്രോളടിക്കുവാനുപയോഗിക്കുന്നത്രയെങ്കിലും  തുക ചെലവാക്കണമെന്ന് പറഞ്ഞാല്‍ അതില്‍ തെറ്റുണ്ടോ? (കൂടുതല്‍ തുക വൈദ്യുതി ചാര്‍ജ്ജായി അടയ്ക്കണമെന്നല്ല പറയുന്നത്, വൈദ്യുതി ചാര്‍ജ്ജ് കൂടുതലായി എന്ന് പരാതി പറയുന്നതിന് മുന്‍പ് ഓരോരുത്തരുടെയും മറ്റുള്ള ചെലവുകളുമായി താരതമ്യം ചെയ്യണമെന്നാണ്, താങ്കള്‍ ഓരോ മാസവും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുവാനായി എത്ര രൂപ ചെലവാക്കുന്നു?). 
                    കേരളത്തിന് പുറത്ത് താമസിക്കുന്നവരോട് ചോദിച്ചാലറിയാം അവിടുത്തെ വൈദ്യുതി ചാര്‍ജ്ജ്. ഒന്നോ രണ്ടോ മുറിയിലെ ഉപയോഗത്തിനാണ് ആയിരവും രണ്ടായിരവും അടയ്ക്കേണ്ടി വരുക. കാര്‍ഷിക ആവശ്യത്തിന് യൂണിറ്റിന് 65 പൈസയാണ് കേരളത്തില്‍ ഈടാക്കുന്നത്. ഗാര്‍ഹിക ഉപയോഗത്തിന് കുറഞ്ഞ ഉപയോഗത്തിന് കുറഞ്ഞ ചാര്‍ജ്ജും ഉപയോഗം കൂടുന്നതിനനുസരിച്ച് നിരക്ക് കൂടിവരുന്ന രീതിയുമാണ് അനുവര്‍ത്തിക്കുന്നത് (ഒരു സോഷ്യലിസ്റ്റ് രീതി, ഇതൊഴിവാക്കണമെന്നാണ് കോര്‍പറേറ്റുകളുടെ താത്പര്യം. ക്രോസ് സബ്സിഡി എന്ന പേരിലുള്ള നിരക്ക് കണക്ക് കൂട്ടല്‍ നിര്‍ത്തി എല്ലാവര്‍ക്കും ഒരേ നിരക്ക് എന്ന വാദത്തിന്റെ പിറകില്‍ എന്താണെന്ന് ആലോചിക്കാവുന്നതാണ്). 
                   പിന്നെ വൈദ്യുതി മുടക്കത്തിന്റെ കാര്യം. അവിചാരിതമായി മുടങ്ങുന്നതല്ലാതെ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി ലോഡ് ഷഡിംഗ് എന്ന അവസ്ഥ കേരളത്തിലില്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. കേരളത്തില്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ കാരണം പുതിയ വലിയ ജലവൈദ്യുത പദ്ധതികളൊന്നും തന്നെ നടപ്പിലാക്കാനാവുന്നില്ല. കേന്ദ്രമാകട്ടെ കേരളത്തിന്റെ കേന്ദ്ര വൈദ്യുതി വിഹിതം വെട്ടിക്കുറച്ചിരിക്കുകയുമാണ്. (മന്ത്രി ശ്രീ.വേണുഗോപാല്‍ കുറച്ച് വിഹിതം പുനസ്ഥാപിച്ചിട്ടുണ്ട്). കേന്ദ്രസര്‍ക്കാര്‍ നോക്കുമ്പോള്‍ കേരളമൊഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും മണിക്കൂറുകളോളം പവര്‍കട്ടും ലോഡ് ഷഡിംഗുമാണ്. അതുകൊണ്ട് കേരളത്തിനനുവദിച്ചിട്ടുള്ള വൈദ്യുതി വിഹിതം തരാതെ കേന്ദ്രം മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നു. ഇനി പറയുക, ഇവിടെ അത്ര കുഴപ്പമുണ്ടോ.
                      പിന്നെ അഴിമതിയുടെ കാര്യം. അനാവശ്യമായി ജീവനക്കാര്‍ക്ക് കാശൊന്നും കൊടുക്കുകയില്ല എന്ന് തീരുമാനിക്കേണ്ടത് ഉപഭോക്താക്കള്‍ തന്നെയാണ്. ഉപഭോക്താവിന്റെ ഭാഗം ശരിയാണെങ്കില്‍ പരാതിപ്പെടുവാന്‍ എത്രയോ ഇടങ്ങളുണ്ട്. ഇപ്പോള്‍ വൈദ്യുതി ബോര്‍ഡ് ‘മോഡല്‍ സെക്ഷന്‍’ എന്ന പരിഷ്കാരം നടപ്പില്‍ വരുത്തിയിട്ടുണ്ട്. മുന്‍പ് ഓരോ ലൈന്മാനും ഓരോ പ്രദേശത്തിന്റെ പൂര്‍ണ ചുമതല നല്‍കിയിരുന്നു. ഇപ്പോള്‍ അത് ഒഴിവാക്കിയിരിക്കുന്നു. ആര്‍ക്കും പ്രത്യേക “സെന്റ്റര്‍“ നല്‍കിയിട്ടില്ല. പരാതികള്‍ പരിഹരിക്കുന്നതിനായുള്ള വിംഗ് ഓഫീസ് പരിധിയിലുള്ള എല്ലായിടങ്ങളിലുമെത്തി പരാതി പരിഹരിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. 
                           ഇനി പറയുക.. കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് അത്ര കുഴപ്പക്കാരാണോ?

Tuesday, June 14, 2011

മരുന്ന് പുരട്ടാന്‍ വേണ്ടി-വായിക്കണേ.

      അമ്മുവിന്റെ പുസ്തകത്തെ പറ്റി വായിക്കുകയാണ് കുറെ ദിവസമായി. പക്ഷെ പുസ്തകം വായിക്കാന്‍ ഇതുവരെ കിട്ടിയില്ല. പുസ്തകം വാങ്ങാനായി കൊല്ലത്തെല്ലാം തെരക്കി നടന്നിട്ടും ഗുണമുണ്ടായില്ല. കൊല്ലത്തെ ചിന്ത ബുക്സാണെങ്കില്‍ റോഡ് പണിയുടെ പേരില്‍ പൊളിച്ചിട്ടിരിക്കുന്നു.
      “മരുന്ന് പുരട്ടാന്‍ വേണ്ടി മുറിവുണ്ടാക്കുന്നവര്‍” വായിക്കാനായില്ലയെങ്കിലും പത്രങ്ങളിലും മാസികകളിലും വായിച്ചത് വച്ച് ആ പന്ത്രണ്ട് വയസ്സ് കാരിയുടെ ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യ. വലിയവര്‍ക്ക് പറയുവാന്‍ മടിയുള്ളതല്ലെ ആ കൊച്ച് മിടുക്കി തുറന്നെഴുതിയിരിക്കുന്നത്. അതിന്റെ പേരില്‍ ആ കൊച്ചിനെ ആരും ദ്രോഹിക്കരുതേ. ഞാന്‍ ആ പുസ്തകം വായിക്കും. നിങ്ങളും വായിക്കണേ. 

Sunday, May 22, 2011

21 കഴിഞ്ഞു. ലോകം ഇവിടെത്തന്നെയുണ്ട്, സത്യം.



എന്തൊക്കെ ആയിരുന്നു? 2011 മെയ് 21ന് ലോകം അവസാനിക്കുന്നു. ആല്ഫകരിക്കോടും സി.സി.കെ.ബാബുവും പറഞ്ഞ് പേടിപ്പിച്ചുകളഞ്ഞു. ഞാന്‍ രാവിലെ ഉണര്‍ന്ന് ആദ്യം എന്റെ സ്വന്തം തല ഉണ്ടെന്ന് ഉറപ്പ് വരുത്തി. പിന്നെ ചുറ്റും നോക്കി. എല്ലാം അത് പോലെ തന്നെ. സത്യം. ലോകം ഇതുവരെ അവസാനിച്ചിട്ടില്ല.

Wednesday, May 18, 2011

ദേവസ്വം ബോര്‍ഡിന് ഒരാന നന്ദി

   ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ആനയോട്ടവും ആനവാല്പിടിയും ആനപ്പറയും ആനവാലൂരലും നിരോധിച്ച ദേവസ്വം ബോര്‍ഡിനോട്  ക്ഷേത്രജീവനക്കാരായ ആനകളുടെ പേരില്‍ നന്ദി അറിയിക്കുന്നു. ആനകളുടെ വേദന മനസ്സിലാക്കാന്‍ ഇപ്പോഴെങ്കിലും കഴിഞ്ഞുവല്ലോ. നന്ദി. 

Sunday, May 8, 2011

അക്ഷയതൃതീയയില്‍ സ്വര്‍ണ്ണം വാങ്ങിയവരോട്

         സൌഭാഗ്യത്തിന്റെതും ഐശ്വര്യത്തിന്റെതുമായ ഒരു വര്‍ഷം സ്വന്തമാക്കിയ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ആശംസകള്‍.  ഇനി യാതൊരുവിധ ആശങ്കകള്‍ക്കും ഇടയില്ലാത്ത മുന്നൂറ്റിയറുപത്തിയഞ്ച് ദിവസങ്ങളാണ് വരാനിരിക്കുന്നത്. എല്ലാവരും സ്ഥിരമായി ലോട്ടറി എടുക്കുവാന്‍ മറക്കരുത്, ഏത് വഴിയാണ് ഐശ്വര്യം വരുന്നതെന്ന് പറയുവാനാവില്ലല്ലോ. കോടികളുടെ കച്ചവടം നടത്തിയ സ്വര്‍ണ്ണക്കടക്കാര്‍ പ്രത്യേകമായി ഇനി ഒന്നും ചെയ്യേണ്ടതില്ല. അവര്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള എല്ലാ ഐശ്വര്യവും മെയ് ആറിന് തന്നെ കിട്ടിക്കഴിഞ്ഞു.
          സ്വര്‍ണ്ണം വാങ്ങിയവര്‍ ഇനിയുള്ള ഒരു വര്‍ഷം തങ്ങള്‍ക്ക് എന്തെങ്കിലും മോശം കാര്യം സംഭവിക്കുന്നുണ്ടോയെന്ന് കൂടി പരിശോധിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഒരുപക്ഷെ ഇത്തവണ വാങ്ങിയ സ്വര്‍ണ്ണം കുറഞ്ഞ് പോയത്കൊണ്ടോ മറ്റോ ആണ് അങ്ങനെ സംഭവിക്കുന്നതെങ്കില്‍ അടുത്ത തവണ ആ കുറവ് പരിഹരിച്ച് കൂടുതല്‍ വാങ്ങുന്നതിന് വേണ്ടിമാത്രമാണ് ശ്രദ്ധിക്കുവാന്‍ പറയുന്നത്. എല്ലാവര്‍ക്കും അക്ഷയത്രിതീയാശംസകള്‍.

Friday, April 22, 2011

ദൈവം ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കിടന്നാല്‍

                        ഒരിടത്തൊരിടത്തൊരു ദൈവം ഉണ്ടായിരുന്നു. അന്തരീക്ഷത്തിലൂടെ കൈ ചുഴറ്റിയാല്‍ ഇലക്ട്രോണിക് വാച്ചും സ്വര്‍ണ്ണമാലയും വരെ പ്രത്യക്ഷനാക്കുന്ന ദൈവം. പക്ഷെ ദൈവം ഇന്റ്റന്‍സീവ് കെയര്‍ യൂണിറ്റിലായാല്‍ ആരോട് പ്രാര്‍ത്ഥിക്കും രക്ഷിക്കുവാന്‍.

Monday, March 28, 2011

സോണിയയ്ക്ക് മാണിയെയും ലീഗിനെയുംകാള്‍ വിശ്വാസം ഇടതിനെ

         വിക്കിലീക്സ് ലീക്കാക്കിയ ഒരു കാര്യം. ചെന്നിത്തലയും ഉമ്മഞ്ചാണ്ടിയും ഇപ്പോള്‍ എന്തു പറയുന്നു. സാക്ഷാല്‍ സോണിയാ ഗാന്ധിക്ക് പ്രാദേശിക പാര്‍ട്ടികളെക്കാള്‍ വിശ്വാസം ഇടത് പാര്‍ട്ടികളെയാണത്രെ. സത്യസന്ധരും വിശ്വസിക്കാന്‍ കൊള്ളാവുന്നവരും പാവങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരും ഇടത് പാര്‍ട്ടികളാണത്രെ. ചെന്നിത്തലയ്ക്കും ഉമ്മഞ്ചാണ്ടിയ്ക്കും ഇപ്പോഴുമെന്താ ഇടത് പക്ഷത്തോട് ഒരവിശ്വാസം. കുറഞ്ഞപക്ഷം ഹൈക്കമാന്‍ഡ് പറഞ്ഞപ്പോളെങ്കിലും വിശ്വസിക്കണ്ടേ.

Sunday, March 27, 2011

കേന്ദ്ര സര്‍ക്കാര്‍ 2.5 ലക്ഷം കോടി കടമെടുക്കുന്നു

കേന്ദ്ര സര്‍ക്കാര്‍ കടപ്പത്രം വഴി രണ്ടര ലക്ഷം കോടി കടമെടുക്കുന്നുവെന്ന് വാര്‍ത്ത. ഒരു ലക്ഷത്തി എഴുപത്തിയാറായിരം കോടിയുടെ സ്പെക്ട്രം അഴിമതി, രണ്ട് ലക്ഷം കോടിയുടെ എസ് ബാന്‍ഡ് അഴിമതി, എഴുപതിനായിരം കോടിയുടെ കോമണ്‍‌വെല്‍ത്ത് അഴിമതി. ഇതൊക്കെ ഒതുക്കിയവരില്‍ നിന്ന് കടമെടുത്താല്‍ മതിയല്ലോ

Friday, March 25, 2011

സോണിയ ഗാന്ധി ആരാണ്

സോണിയ ഗാന്ധി ഇന്ത്യന്‍ ജനതയ്ക്ക് ആരാണ്. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യ. ഇന്ദിരാഗാന്ധിയുടെ മരുമകള്‍, രാഹുല്‍ ഗാന്ധി എം.പിയുടെ അമ്മയെന്നും പറയാം. പിന്നെ ഭരിക്കുന്ന മുന്നണിയിലെ പ്രധാന പാര്‍ട്ടിയുടെ പ്രസിഡന്റ്റ്.
ഇതല്ലാതെ ഇന്ത്യന്‍ പ്രധാനമന്ത്രിയോ പ്രസിഡന്റോ മന്ത്രിയോ ഒന്നുമല്ലയെന്നാണ് എന്റ്റെ അറിവ്. പക്ഷെ കേന്ദ്ര സര്‍ക്കാര്‍ വര്‍ത്തമാന പത്രങ്ങളില്‍ നല്‍കുന്ന മിക്ക പരസ്യങ്ങളിലും സോണിയ ഗാന്ധിയുടെ മുഖമുണ്ടാവും. എന്ത് കാരണത്താലാണ് ഓരോ ഇന്ത്യന്‍ പൌരനും നല്‍കുന്ന പണമെടുത്ത് സര്‍ക്കാരിന്റെ ഭാഗമല്ലാത്ത സോണിയ ഗാന്ധിയുടെ പടം പ്രസിദ്ധപ്പെടുത്തുന്നത്. 

ദക്ഷിണാഫ്രിക്കയും വീണു

നോക്കൌട്ട് റൌണ്ടുകളില്‍ പുറത്താവുകയെന്ന ദക്ഷിണാഫ്രിക്കന്‍ ചരിത്രം വീണ്ടും തുടരുന്നു. ഇത്തവണ ന്യൂസിലന്റിനോട് പരാജയപ്പെട്ട് ദക്ഷിണാഫ്രിക്ക മടങ്ങുന്നു. ന്യൂസിലന്റ്റിനെ 221 എന്ന ചെറിയ സ്കോറില്‍ ഒതുക്കുവാനായെങ്കിലും അതെത്തിപ്പിടിക്കുവാന്‍ അവര്‍ക്ക് കഴിയാതെ പോയി. അങ്ങനെ ഒരു വമ്പന്‍ ടീം കൂടി ലോകകപ്പില്‍ നിന്ന് വിടചൊല്ലി.
ഇനി നാളെ ഇംഗ്ലണ്ടോ ശ്രീലങ്കയോ?