Loud Speaker
Tuesday, March 19, 2013
അപ്പോൾ കള്ളം പറഞ്ഞ ചീഫ് വിപ്പിനെ എന്തുചെയ്യും.
മന്ത്രി ഗണേഷ് കുമാറിനെതിരെ പരാതി ഇല്ലെന്ന് മുഖ്യമന്ത്രി. അപ്പോൾ പാവം ഗണേഷ് മന്ത്രിയെപ്പറ്റി ഇല്ലാത്ത അപവാദമെല്ലാം പറഞ്ഞുണ്ടാക്കിയ ചീഫ് വിപ്പിനെതിരെ എന്താണ് നടപടി എടുക്കാത്തത്. ശ്രീ.കെ.മുരളീധരൻ പറഞ്ഞതുപോലെയുള്ള പേടി വല്ലതുമുണ്ടോ മുഖ്യമന്ത്രിക്കും.
Saturday, March 16, 2013
പാവങ്ങളെ പറ്റിക്കുന്ന സമുദായ നേതാക്കൾ
സംവരണത്തിനുള്ള ക്രീമിലയർ പരിധി ആറ് ലക്ഷമാക്കി
കേന്ദ്രസർക്കാർ ഉയർത്തി. നാലര ലക്ഷത്തിൽ നിന്നാണ് ആറാക്കി ഉയർത്തിയത്. പിന്നോക്ക സമുദായ
വകുപ്പോ സാമൂഹികക്ഷേമ വകുപ്പോ മറ്റോ 12 ലക്ഷമാക്കണമെന്നാണത്രെ ശുപാർശ ചെയ്തത്. ഒടുവിൽ
ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ആറ് ലക്ഷമാക്കി ഉയർത്തി. വയലാർ രവിയടക്കമുള്ള മിക്ക കേരള നേതാക്കളും പരിധി ഇനിയും
ഉയർത്തണമെന്നുള്ള പക്ഷക്കാരായിരുന്നു. മുസ്ലീം ലീഗ്, എസ്.എൻ.ഡി.പി, ലത്തീൻ കത്തോലിക്കാ
സഭ തുടങ്ങിയവരെല്ലാം പാവങ്ങളെ സഹായിക്കാനായി
പരിധി കൂട്ടിയത് ഇത്ര കുറഞ്ഞുപോയത് മഹാ അപരാധമായിപ്പോയി എന്ന് അഭിപ്രായപ്പെട്ടു.
ആറ് ലക്ഷം രൂപാ വരെ വാർഷിക വരുമാനമുള്ളവരെയാണ് ഇപ്പോൾ
ക്രീമിലയർ പരിധിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. അതായത് മാസവരുമാനം മാസം 50000 വരെ
(പുറത്തറിയിക്കപ്പെടുന്ന വരുമാനം) ഉള്ളവർക്ക്
ആനുകൂല്യം ലഭിക്കും. (മറയ്ക്കാൻ പറ്റാത്തതുകൊണ്ട് സർക്കാർ ജീവനക്കാർക്ക് മാത്രം
കൃത്യമായ പരിധി ബാധകമാകും). നമ്മുടെ നാട്ടിലെ സാധാരണക്കാരായ മിക്കവർക്കും അൻപതിനായിരം
രൂപാ വരുമാനം ഉണ്ടെന്ന് തോന്നുന്നില്ല. പിന്നെ ആർക്കുവേണ്ടിയാണ് പരിധി മാസവരുമാനം ഒരുലക്ഷം
വരെയുള്ളവരെ സംവരണപരിധിയിൽ പെടുത്തണമെന്ന് പറയുന്നത്. ഓരോ സമുദായത്തിലെയും പിന്നാക്കം നിൽക്കുന്നവരെ മുന്നോട്ട്
കൊണ്ടുവരാനാണല്ലോ സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടെ പി.എസ്.സി ഈഴവർക്ക് 14 ശതമാനവും
മുസ്ലീങ്ങൾക്ക് 12 ശതമാനവും സംവരണം ഏർപ്പെടുത്തിയിരിക്കുന്നത് ക്രീമിലയറിന്റെ പരിധി
കൂട്ടിയാലും കുറച്ചാലും അതാത് സമുദായക്കാർക്ക് തന്നെ കിട്ടും. അപ്പോൾ പിന്നെ അവരിലെ ശതകോടീശ്വർന്മാർക്കും സംവരണം
വേണം എന്നാവശ്യപ്പെട്ട് ഈ സമുദായസ്നേഹികളായ നേതാക്കൾ നടക്കുന്നത് ആരെ സഹായിക്കാനാണ്.
അവരുടെ സമുദായത്തിലെ പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിൽ
കയ്യിട്ടുവാരാൻ സഹായിക്കുന്ന ഇവരാണോ പാവപ്പെട്ടവരെ ഉയർത്താൻ നടത്തുന്നവർ. സമുദായങ്ങളിലെ
പാവപ്പെട്ടവർ ഇത് തിരിച്ചറിയുന്നില്ല. അവർക്ക് കൊടിപിടിക്കുവാനും ഫ്ലക്സ് ബോർഡ് വയ്ക്കുവാനും
തൊഴിലില്ലാത്ത പാവങ്ങൾ ഇനിയും വേണമല്ലോ.
ഇങ്ങനെയുള്ള ആവശ്യങ്ങൾ ഉന്നയിക്കാൻ തന്നെ ഇവർക്കാർക്കും
നാണമാവുന്നില്ലേ എന്നാണെനിക്ക് സംശയം. അണികൾ ചെരുപ്പ് വച്ചാണ് നേതാക്കളോട് ഇതിന് മറുപടി
നൽകേണ്ടത്. ഇനി മുതൽ സാമുദായിക സംവരണം ആറ് ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് മാത്രം
എന്നാക്കിയാലോ?
Wednesday, July 20, 2011
പാവങ്ങളിലെ പ്രമേഹം തടയാന്‍ സര്‍ക്കാര്‍ പദ്ധതി
“പാവപ്പെട്ടവര്‍ക്കിടയിലെ പ്രമേഹം തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ 10 ജില്ലകളിലും പത്ത് ലക്ഷത്തിലേറെ ജനസംഖ്യയുള്ള 33 നഗരങ്ങളിലും പ്രത്യേക പദ്ധതി നടപ്പാക്കുന്നു” - പത്രവാര്‍ത്ത, മനോരമ 20.07.2011- പഞ്ചസാരയുടെ വില കൂട്ടുമെന്ന കാര്യം ഏതാണ്ടുറപ്പായി.
Monday, July 4, 2011
9 വര്‍ഷമായി വില കൂടാത്ത ഏക വസ്തു.
പക്ഷെ നമ്മള്‍ കരുതുന്നയത്ര കുഴപ്പക്കാരാണോ വൈദ്യുതി ബോര്‍ഡ്? ഒന്ന് നന്നായി ആലോചിച്ചപ്പോള്‍ അല്ലെന്നാണ് തോന്നുന്നത്. കേരളത്തിലായാലും ഇന്ത്യയിലായാലും സാധനവിലകള്‍ വാണം പോലെ കുതിച്ച് കയറുന്ന അവസരമാണ് (പഴയ ഒരു യുറീക്കപ്പാട്ടിന്റെ ഓര്‍മ്മയ്ക്ക്. സാധനവിലകള്‍ വാണം പോലെ കേറിക്കേറി മേലോട്ട്, സാധാരണ ജന ജീവിതമാകെ താളം തെറ്റി താഴോട്ട്). 2002ല്‍ ഞാന്‍ ബൈക്ക് വാങ്ങിയ കാലത്ത് 100 രൂപയ്ക്ക് പെട്രോള്‍ അടിച്ചാല്‍ മൂന്ന് ലിറ്ററിന് മുകളില്‍ കിട്ടുമായിരുന്നു. അതായത് ലിറ്ററിന് 33 രൂപ ഇല്ലായിരുന്നു. ഇന്നത് ഇരട്ടിയിലധികമായിരിക്കുന്നു. സ്വര്‍ണവില മൂവായിരമോ നാലായിരമോ ആയിരുന്നത് പവന് പതിനാറായിരമായിരിക്കുന്നു. അരിയും പഞ്ചസാരയുമെല്ലാം പത്ത് വര്‍ഷത്തിനപ്പുറത്ത് നിന്ന് എത്ര വളര്‍ന്നിരിക്കുന്നു. എന്നാല്‍ വൈദ്യുതിചാര്‍ജ്ജ് 2002 ന് ശേഷം വര്‍ദ്ധിപ്പിച്ചിട്ടില്ല എന്നത് ഒരു അത്ഭുതം തന്നെയാണ്. ഇടയ്ക്ക് ഒന്ന്-രണ്ട് തവണ ഇന്ധന സര്‍ച്ചാര്‍ജ് എന്ന പേരില്‍ അന്‍പത് പൈസയോ മറ്റോ കുറച്ച് നാളത്തേക്ക് ഈടാക്കിയിരുന്നു. അതല്ലാതെ ഈ ഒന്‍പത് വര്‍ഷത്തിനിടയ്ക്ക് വൈദ്യുതി വില കൂട്ടിയിട്ടില്ല. അതും വൈദ്യുതി ഉത്പാദനത്തിനായി കേരളത്തില്‍ ഡീസല്‍ പ്ലാന്റ് വരെ ഉപയോഗിക്കുന്നുണ്ടെങ്കിലും.
അപ്പോള്‍ ആലോചിച്ച് നോക്കിയാല്‍ കേരളത്തില്‍ വൈദ്യുതി ചാര്‍ജ്ജ് അത്രയധികം അല്ല എന്ന് തന്നെയാണ് കരുതാവുന്നത്. കേരളത്തില്‍ ടൂവീലര്‍ എങ്കിലും ഇല്ലാത്ത വീട് വളരെ കുറവാണിപ്പോള്‍. പതിനഞ്ച് കിലോമീറ്റര്‍ ദൂരെ ജോലിക്ക് പോകുന്നയാള്‍ ആണെങ്കില്‍ ശരാശരി മുപ്പത് കിലോമീറ്റര്‍ ദിവസവും സഞ്ചരിക്കുന്നുവെന്ന് കരുതാനാവും. അറുപത് കിലോമീറ്റര്‍ മൈലേജ് കിട്ടുന്ന വാഹനമാണെങ്കില്‍ ഏകദേശം മുപ്പത് രൂപ ദിവസവും ഇന്ധനച്ചെലവ് വരുന്നതായി കണക്കാക്കാവുന്നതാണ്. നമ്മുടെ വീട്ടിലെ വിളക്കുകള്‍ കത്തിക്കുന്ന, വെള്ളം കോരിത്തരുന്ന, ഇസ്തിരിയിട്ട് തരുന്ന, അരയ്ക്കുകയും പൊടിയ്ക്കുകയും ചെയ്ത് തരുന്ന, ടെലിവിഷന്‍ കാട്ടിത്തരുന്ന, പാട്ട് കേള്‍പ്പിച്ച് തരുന്ന വൈദ്യുതിക്ക് വേണ്ടി ഓരോ ദിവസവും പെട്രോളടിക്കുവാനുപയോഗിക്കുന്നത്രയെങ്കിലും തുക ചെലവാക്കണമെന്ന് പറഞ്ഞാല്‍ അതില്‍ തെറ്റുണ്ടോ? (കൂടുതല്‍ തുക വൈദ്യുതി ചാര്‍ജ്ജായി അടയ്ക്കണമെന്നല്ല പറയുന്നത്, വൈദ്യുതി ചാര്‍ജ്ജ് കൂടുതലായി എന്ന് പരാതി പറയുന്നതിന് മുന്‍പ് ഓരോരുത്തരുടെയും മറ്റുള്ള ചെലവുകളുമായി താരതമ്യം ചെയ്യണമെന്നാണ്, താങ്കള്‍ ഓരോ മാസവും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുവാനായി എത്ര രൂപ ചെലവാക്കുന്നു?).
കേരളത്തിന് പുറത്ത് താമസിക്കുന്നവരോട് ചോദിച്ചാലറിയാം അവിടുത്തെ വൈദ്യുതി ചാര്‍ജ്ജ്. ഒന്നോ രണ്ടോ മുറിയിലെ ഉപയോഗത്തിനാണ് ആയിരവും രണ്ടായിരവും അടയ്ക്കേണ്ടി വരുക. കാര്‍ഷിക ആവശ്യത്തിന് യൂണിറ്റിന് 65 പൈസയാണ് കേരളത്തില്‍ ഈടാക്കുന്നത്. ഗാര്‍ഹിക ഉപയോഗത്തിന് കുറഞ്ഞ ഉപയോഗത്തിന് കുറഞ്ഞ ചാര്‍ജ്ജും ഉപയോഗം കൂടുന്നതിനനുസരിച്ച് നിരക്ക് കൂടിവരുന്ന രീതിയുമാണ് അനുവര്‍ത്തിക്കുന്നത് (ഒരു സോഷ്യലിസ്റ്റ് രീതി, ഇതൊഴിവാക്കണമെന്നാണ് കോര്‍പറേറ്റുകളുടെ താത്പര്യം. ക്രോസ് സബ്സിഡി എന്ന പേരിലുള്ള നിരക്ക് കണക്ക് കൂട്ടല്‍ നിര്‍ത്തി എല്ലാവര്‍ക്കും ഒരേ നിരക്ക് എന്ന വാദത്തിന്റെ പിറകില്‍ എന്താണെന്ന് ആലോചിക്കാവുന്നതാണ്).
പിന്നെ വൈദ്യുതി മുടക്കത്തിന്റെ കാര്യം. അവിചാരിതമായി മുടങ്ങുന്നതല്ലാതെ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി ലോഡ് ഷഡിംഗ് എന്ന അവസ്ഥ കേരളത്തിലില്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. കേരളത്തില്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ കാരണം പുതിയ വലിയ ജലവൈദ്യുത പദ്ധതികളൊന്നും തന്നെ നടപ്പിലാക്കാനാവുന്നില്ല. കേന്ദ്രമാകട്ടെ കേരളത്തിന്റെ കേന്ദ്ര വൈദ്യുതി വിഹിതം വെട്ടിക്കുറച്ചിരിക്കുകയുമാണ്. (മന്ത്രി ശ്രീ.വേണുഗോപാല്‍ കുറച്ച് വിഹിതം പുനസ്ഥാപിച്ചിട്ടുണ്ട്). കേന്ദ്രസര്‍ക്കാര്‍ നോക്കുമ്പോള്‍ കേരളമൊഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും മണിക്കൂറുകളോളം പവര്‍കട്ടും ലോഡ് ഷഡിംഗുമാണ്. അതുകൊണ്ട് കേരളത്തിനനുവദിച്ചിട്ടുള്ള വൈദ്യുതി വിഹിതം തരാതെ കേന്ദ്രം മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നു. ഇനി പറയുക, ഇവിടെ അത്ര കുഴപ്പമുണ്ടോ.
പിന്നെ അഴിമതിയുടെ കാര്യം. അനാവശ്യമായി ജീവനക്കാര്‍ക്ക് കാശൊന്നും കൊടുക്കുകയില്ല എന്ന് തീരുമാനിക്കേണ്ടത് ഉപഭോക്താക്കള്‍ തന്നെയാണ്. ഉപഭോക്താവിന്റെ ഭാഗം ശരിയാണെങ്കില്‍ പരാതിപ്പെടുവാന്‍ എത്രയോ ഇടങ്ങളുണ്ട്. ഇപ്പോള്‍ വൈദ്യുതി ബോര്‍ഡ് ‘മോഡല്‍ സെക്ഷന്‍’ എന്ന പരിഷ്കാരം നടപ്പില്‍ വരുത്തിയിട്ടുണ്ട്. മുന്‍പ് ഓരോ ലൈന്മാനും ഓരോ പ്രദേശത്തിന്റെ പൂര്‍ണ ചുമതല നല്‍കിയിരുന്നു. ഇപ്പോള്‍ അത് ഒഴിവാക്കിയിരിക്കുന്നു. ആര്‍ക്കും പ്രത്യേക “സെന്റ്റര്‍“ നല്‍കിയിട്ടില്ല. പരാതികള്‍ പരിഹരിക്കുന്നതിനായുള്ള വിംഗ് ഓഫീസ് പരിധിയിലുള്ള എല്ലായിടങ്ങളിലുമെത്തി പരാതി പരിഹരിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്.
ഇനി പറയുക.. കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് അത്ര കുഴപ്പക്കാരാണോ?
Tuesday, June 14, 2011
മരുന്ന് പുരട്ടാന്‍ വേണ്ടി-വായിക്കണേ.
അമ്മുവിന്റെ പുസ്തകത്തെ പറ്റി വായിക്കുകയാണ് കുറെ ദിവസമായി. പക്ഷെ പുസ്തകം വായിക്കാന്‍ ഇതുവരെ കിട്ടിയില്ല. പുസ്തകം വാങ്ങാനായി കൊല്ലത്തെല്ലാം തെരക്കി നടന്നിട്ടും ഗുണമുണ്ടായില്ല. കൊല്ലത്തെ ചിന്ത ബുക്സാണെങ്കില്‍ റോഡ് പണിയുടെ പേരില്‍ പൊളിച്ചിട്ടിരിക്കുന്നു.
“മരുന്ന് പുരട്ടാന്‍ വേണ്ടി മുറിവുണ്ടാക്കുന്നവര്‍” വായിക്കാനായില്ലയെങ്കിലും പത്രങ്ങളിലും മാസികകളിലും വായിച്ചത് വച്ച് ആ പന്ത്രണ്ട് വയസ്സ് കാരിയുടെ ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യ. വലിയവര്‍ക്ക് പറയുവാന്‍ മടിയുള്ളതല്ലെ ആ കൊച്ച് മിടുക്കി തുറന്നെഴുതിയിരിക്കുന്നത്. അതിന്റെ പേരില്‍ ആ കൊച്ചിനെ ആരും ദ്രോഹിക്കരുതേ. ഞാന്‍ ആ പുസ്തകം വായിക്കും. നിങ്ങളും വായിക്കണേ.
“മരുന്ന് പുരട്ടാന്‍ വേണ്ടി മുറിവുണ്ടാക്കുന്നവര്‍” വായിക്കാനായില്ലയെങ്കിലും പത്രങ്ങളിലും മാസികകളിലും വായിച്ചത് വച്ച് ആ പന്ത്രണ്ട് വയസ്സ് കാരിയുടെ ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യ. വലിയവര്‍ക്ക് പറയുവാന്‍ മടിയുള്ളതല്ലെ ആ കൊച്ച് മിടുക്കി തുറന്നെഴുതിയിരിക്കുന്നത്. അതിന്റെ പേരില്‍ ആ കൊച്ചിനെ ആരും ദ്രോഹിക്കരുതേ. ഞാന്‍ ആ പുസ്തകം വായിക്കും. നിങ്ങളും വായിക്കണേ.
Sunday, May 22, 2011
21 കഴിഞ്ഞു. ലോകം ഇവിടെത്തന്നെയുണ്ട്, സത്യം.
എന്തൊക്കെ ആയിരുന്നു? 2011 മെയ് 21ന് ലോകം അവസാനിക്കുന്നു. ആല്ഫകരിക്കോടും സി.സി.കെ.ബാബുവും പറഞ്ഞ് പേടിപ്പിച്ചുകളഞ്ഞു. ഞാന്‍ രാവിലെ ഉണര്‍ന്ന് ആദ്യം എന്റെ സ്വന്തം തല ഉണ്ടെന്ന് ഉറപ്പ് വരുത്തി. പിന്നെ ചുറ്റും നോക്കി. എല്ലാം അത് പോലെ തന്നെ. സത്യം. ലോകം ഇതുവരെ അവസാനിച്ചിട്ടില്ല.
Wednesday, May 18, 2011
ദേവസ്വം ബോര്‍ഡിന് ഒരാന നന്ദി
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ആനയോട്ടവും ആനവാല്പിടിയും ആനപ്പറയും ആനവാലൂരലും നിരോധിച്ച ദേവസ്വം ബോര്‍ഡിനോട് ക്ഷേത്രജീവനക്കാരായ ആനകളുടെ പേരില്‍ നന്ദി അറിയിക്കുന്നു. ആനകളുടെ വേദന മനസ്സിലാക്കാന്‍ ഇപ്പോഴെങ്കിലും കഴിഞ്ഞുവല്ലോ. നന്ദി.
Subscribe to:
Posts (Atom)